Sunday, 22 May 2011

കുബുദ്ധികളെ' ബഹുമാനിക്കാന്‍ യാഹൂവിന്റെ സ്വന്തം വഴി






സോഫ്‌റ്റ്‌വേര്‍ പ്രോഗ്രാം എത്ര സുരക്ഷിതമാണെന്ന്‌ ഉറപ്പുവരുത്താന്‍ അങ്ങേയറ്റത്തെ വഴിയാണ്‌ പ്രമുഖ ഐ.ടി. കമ്പനിയായ യാഹൂ തിരഞ്ഞെടുക്കുന്നത്‌. ഹാക്കര്‍മാര്‍ അഥവാ കുബുദ്ധികളായ കമ്പ്യൂട്ടര്‍ ഭേദകന്മാരെ പ്രോഗ്രാം ഏല്‌പിക്കുക, അല്ലെങ്കില്‍ അവരുടെ സഹായത്തോടെ പ്രോഗ്രാമുണ്ടാക്കുക. അങ്ങനെ വരുമ്പോള്‍ ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും ആ പ്രോഗ്രാമില്‍ നുഴഞ്ഞുകയറാനാവില്ല. അതുകൊണ്ട്‌ ഈ 'തലതിരിഞ്ഞവഴി'യുടെ ആദ്യപടിയായി കുബുദ്ധികളെ ബഹുമാനിക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ്‌ യാഹൂ. ബാംഗ്ലൂരില്‍ യാഹൂ ഗവേഷണകേന്ദ്രം സംഘടിപ്പിച്ച കമ്പ്യൂട്ടര്‍ ഭേദകരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500 പേരാണ്‌ അര്‍ഹരായത്‌. അവരില്‍ 361 പേര്‍ തുടര്‍ നടപടികളിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ഗവേഷണ വര്‍ക്‌ഷോപ്പുകളിലൂടെ, തിരഞ്ഞെടുക്കപ്പെട്ട ഭേദക ആശയങ്ങളെ വിദഗ്‌ധ പാനല്‍ വിലയിരുത്തിയ ശേഷമാണ്‌ ഭേദകന്മാര്‍ക്ക്‌ യാഹൂ ഗവേഷണസഹായം നല്‌കുന്നത്‌. രണ്ടു മാസമായി മുംബൈയിലും ഡല്‍ഹിയിലും നടന്ന ഓപ്പണ്‍ ഹാക്ക്‌ ദിനങ്ങളില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട മിടുക്കന്മാരാണ്‌ ബാംഗ്ലൂരിലെത്തിയത്‌. അത്യുഗ്രന്‍ സുരക്ഷാപ്രോഗ്രാമുകളെ തകര്‍ക്കുക മുതല്‍ പുതിയ ഭേദക സോഫ്‌റ്റ്‌വേറിന്റെ കരടുരൂപമുണ്ടാക്കുകവരെയാണ്‌ മത്സരാര്‍ഥികള്‍ക്കു മുന്നിലുണ്ടായിരുന്നത്‌. തിരഞ്ഞെടുക്കപ്പെട്ട ഭേദകന്മാരെ കാലിഫോര്‍ണിയയില്‍ നടക്കുന്ന 'ആഗോള ഭേദക സമ്മേളന'ത്തിലേക്ക്‌ യാഹൂ കൊണ്ടുപോകും. അവര്‍ക്ക്‌ ഗവേഷണ സഹായവും നല്‍കും. 2005ല്‍ അമേരിക്കയിലാണ്‌ യാഹൂ ഹാക്ക്‌ ദിനം സംഘടിപ്പിച്ചു തുടങ്ങിയത്‌. പ്രശസ്‌ത സര്‍വകലാശാലകളില്‍ സംഗതി ജനകീയമായതോടെ ഇക്കുറി ഇന്ത്യയിലും എത്തി.

No comments:

Post a Comment